Thursday, May 19, 2022

വൈദ്യ ചിന്താമണി 700

2022 മെയ് 28-29 തീയതികളിൽ കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ച് നടക്കുന്ന കളരിയാവിരൈ ശില്പശാലയിൽ പ്രകാശനം ചെയ്യുന്ന 11 സിദ്ധവൈദ്യ പുസ്തകങ്ങളിൽപ്പെട്ട യാക്കോബ് സിദ്ധരുടെ വൈദ്യ ചിന്താമണി 700 ന് എഴുതിയ പ്രസാധകകുറിപ്പ്. https://m.facebook.com/story.php?story_fbid=5329861020405336&id=100001444718031 https://m.facebook.com/story.php?story_fbid=5312527932138645&id=100001444718031 https://m.facebook.com/story.php?story_fbid=5339579989433439&id=100001444718031 പ്രസാധകക്കുറിപ്പ് വൈദ്യ ചിന്താമണി 700 യാക്കോബ് സിദ്ധർ മൊഴിമാറ്റവും വ്യാഖ്യാനവും പി. പി. എ. ഖാദർ വൈദ്യർ ഒരു പ്രമുഖ സിദ്ധവൈദ്യനായ ശ്രീ. പി. പി. എ. ഖാദർ വൈദ്യർ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത യാക്കോബ് സിദ്ധരുടെ വൈദ്യ ചിന്താമണി 700 എന്ന തമിഴ് കൃതി രണ്ടു ഭാഗങ്ങളായി മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കാപിറ്റൽ ഇന്റർനാഷണൽ പബ്ലിഷേഴ്സ്, കോഴിക്കോട്, 2000, 2002) ആ രണ്ടുഭാഗങ്ങളും ചേർത്തുകൊണ്ടാണ് അതിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ പിള്ളതാങ്ങി പൊത്തകം ഇറക്കുന്നത്. പതിനെട്ടു തമിഴ് സിദ്ധരിൽപ്പെട്ട രാമദേവർ ആണ് യാക്കോബ് ആയത്. സിദ്ധവൈദ്യത്തിന്റെ കൈപാക ചെയ്പാക രഹസ്യങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് സിദ്ധർ പാട്ടുകൾക്ക് ലളിതമായ വിശദീകരണവും യുക്തമായ വ്യാഖ്യാനവും നൽകുന്നതിൽ ഖാദർ വൈദ്യർ എടുത്തിട്ടുള്ള ശ്രമങ്ങൾ ഈ കൃതിയെ വളരെ സമ്പന്നമാക്കുന്നുണ്ട്. പ്രത്യേകിച്ച് രസവാദ സംബന്ധിയായ വിശദീകരണങ്ങൾ. വൈദ്യ ചിന്താമണിയുടെ പതിപ്പിറക്കാൻ പിള്ളതാങ്ങി പൊത്തകത്തിന് അനുമതി നൽകിയതിന് ഖാദർ വൈദ്യരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. തേരയർ സിദ്ധരും രാമദേവർ ആണെന്ന് ചിലയിടത്ത് കാണുന്നുണ്ട്. മന്ത്രസിദ്ധർ എന്ന മറ്റൊരുപേരും രാമദേവർക്കുണ്ട്. വൈദ്യം, മാന്ത്രികം, ആത്മീയം, രസവാദം, യോഗം എന്നീ വിഷയങ്ങളിൽ നിരവധി കൃതികൾ യാക്കോബ് സിദ്ധരുടേതായുണ്ട്. വൈദ്യകാവ്യം, ശിവയോഗം, ചുന്നം, ചുന്നകാണ്ഡമുറ, വൈദ്യകല്ലാടം, സിന്ദൂരം, വൈദ്യ ചിന്താമണി എന്നിവയാണ് പ്രധാന കൃതികൾ. അഗസ്ത്യൻ, പുലസ്ത്യൻ, ധന്വന്തരി, കാലാംഗി, യുഗിമുനി, ഭോഗർ തുടങ്ങിയ സിദ്ധന്മാരെ ഗുരുക്കന്മാരായികണ്ട് വൈദ്യ ചിന്താമണിയിൽ സ്തുതിക്കുന്നുണ്ട്. ശട്ടമുനി, കരുവൂരാർ എന്നിവർ രാമദേവരുടെ ശിഷ്യന്മാരാണെന്ന് പറയുന്നുണ്ട്. അഗസ്ത്യരുടെ ശിഷ്യനായ രാമദേവർ പല നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഗഗനവിദ്യയുടെ മരുന്ന് ഇദ്ദേഹത്തിന്റെതാണെന്ന് പറയുന്നുണ്ട്. ആദ്യം രാമദേവർ എന്നുപേരുള്ള താൻ 'ആടൈവാക കുളിക' (ഗഗന ഗുളിക) കഴിച്ചുകൊണ്ടാണ് മക്കാദേശത്ത് പോയതെന്നും അവിടെവച്ച് തൊപ്പിയിട്ടു സുന്നത്ത് ചെയ്ത് യാക്കോബ് എന്നപേര് സ്വീകരിച്ചെന്നും ഈ കൃതിയിൽ പറയുന്നുണ്ട്. മുഹമ്മദ് നബിയുടെ പേരക്കുട്ടികളുടെ കാലത്താണ് അതുണ്ടായതെന്ന് കരുതുന്നവരുണ്ട്. മഹാവ്യാധികൾക്കായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ പറയുന്ന ഉയർന്ന ഔഷധമുറകളാണ് വൈദ്യ ചിന്താമണി 700 ലെ പ്രദിപാദ്യവിഷയം. നീറ്റുമുറയിലൂടെ തയ്യാറാക്കുന്ന ഭസ്മ, സിന്ദൂരാദി മരുന്നുകൾ, പാദാർത്ഥഗുണങ്ങൾ, ഉപയോഗക്രമങ്ങൾ എന്നിവയെപ്പറ്റിയാണ് ഇതിൽ വിവരിക്കുന്നത്. താഴ്ന്ന ലോഹങ്ങളായ ഇരുമ്പ്, ഈയ്യം തുടങ്ങിയവ ചെമ്പ്, വെള്ളി, സ്വർണ്ണം തുടങ്ങിയ കട്ടികൂടിയ ലോഹങ്ങളാക്കിമാറ്റുന്ന രാസമറ്റ പ്രക്രിയയാണ് രസവാദം. ചെടികളിലും ജീവികളിലുമുള്ള ലോഹമൂലകങ്ങളെയും പിരിച്ചെടുത്ത് ലോഹമാക്കുന്ന വയ്പ്മുറകളും ഇത്തിൾപ്പെടുന്നുണ്ട്. പ്രാചീന രസതന്ത്രവിദ്യയും ലോഹാവിദ്യയുമാണിത്. സസ്യ ജീവജാലങ്ങളിൽ ഉള്ള ജൈവികമായ ലോഹലവണ മൂലകങ്ങൾ വേർതിരിച്ചെടുത്ത് ശുദ്ധിചെയ്ത് വീര്യവർദ്ധിതമാക്കിയെടുത്ത് ശരീരകോശങ്ങൾക്ക് ആഗിരണം ചെയ്യാവുന്ന മരുന്നുകളാക്കുന്ന പ്രക്രിയയും രസവാദത്തിന് സമാനമാണ്. അതായത്, കൃത്രിമമായി ലോഹരാസമാറ്റം വരുത്തുന്നതിന്റെ തത്വപ്രകാരത്തിലാണ് പ്രകൃതിയിലെ സസ്യ, ജന്തു, ധാതു വസ്തുക്കളിലെ ലോഹലവണാദി മൂലകങ്ങൾ സ്വരൂപിച്ചെടുത്ത് ജീവാമൃത (കല്പ) മരുന്നുകൾ ഉണ്ടാക്കുന്നത്. പ്രായാധിക്യത്താൽ ജീർണ്ണിച്ചുപോകുന്ന ശരീരകോശങ്ങളെയും അവയവങ്ങളെയും ബാലപ്പെടുത്തി ആയുസ്സ് നീട്ടുന്ന, ജരാനരകളകറ്റുന്ന, മരണത്തെയകറ്റുന്ന വിദ്യകളുടെ ഭാഗമായാണ് സിദ്ധ ഔഷധങ്ങൾ ഉണ്ടായിട്ടുള്ളത്. അത്തരം വിദ്യകളുമായി ബന്ധപ്പെട്ട വൈദ്യമുറയും ആരോഗ്യരക്ഷാവിദ്യകളുമാണ് വൈദ്യ ചിന്താമണിയുടെ ഉള്ളടക്കമായി വരുന്നത്. ഗഗന ഗുളിക, രസമണി എന്നിവയുടെ നിർമ്മാണത്തിലൂടെ മാന്ത്രിക സിദ്ധികൾ അർജിക്കുന്നതിന്റെ വഴികൂടിയാണ് രസവാദത്തിലൂടെയുള്ള വൈദ്യത്തിന്റെയും ആത്മീയതയുടെയും. വൈദ്യ ചിന്താമണി 700 എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിൽ വൈദ്യ ചിന്താമണി എന്ന തലക്കെട്ടിന്റെ അർത്ഥത്തെക്കുറിച്ച് പ്രത്യേകമായ ചില ആലോചനകൾക്കുകൂടി ഇവിടെ പ്രസക്തിയുണ്ട്. 'വൈദ്യ ചിന്താമണി' എന്ന പ്രയോഗത്തിൽ 'ചിന്താമണി വൈദ്യ'മെന്ന ഒരാശയം അടങ്ങിയിട്ടുള്ളതായി കാണാം. അപ്പോൾ 'ചിന്താമണി' എന്നതുകൊണ്ട് എന്താകുമിവിടെ അർത്ഥമാക്കുന്നത്? വൈദ്യേതരമായ ഒരു ചിന്താമണിവിദ്യയുണ്ടെന്ന് ഊഹിക്കാം. അങ്ങനെയെങ്കിൽ ചിന്താമണി എന്നത് വൈദ്യത്തിനും വൈദ്യേതരമായതിനും ഒരുപോലെ ബാധകമാകുന്ന കാര്യമായി വരാം. ചിന്താമണി വൈദ്യമാണ് ഈ കൃതിയുടെ ഉള്ളടക്കമെങ്കിൽ വൈദ്യേതരമായ ചിന്താമണിയുടെ സ്വഭാവമെന്താകുമെന്ന് ഊഹിക്കാനുള്ള സൂചനകൾ വൈദ്യ ചിന്താമണിയിൽ കണ്ടെത്താനാകുമോ? 'മണി, മന്ത്രം, മരുന്ന്' എന്നതാണ് സിദ്ധവിദ്യയുടെ അടിസ്ഥാന ഘടകങ്ങളെന്നാണ് പറഞ്ഞുവരുന്നത്. മണിയിലും മന്ത്രത്തിലും അധിഷ്ഠിതമാണ് സിദ്ധവിദ്യയും സിദ്ധവൈദ്യവും. പ്രത്യക്ഷമായ ഔഷധങ്ങളിലൂടെയുള്ള രോഗനിവാരണവും ആരോഗ്യരക്ഷയും എന്നതിനപ്പുറം മനോബലത്തിലും ആത്മീയ സിദ്ധിയിലും അധിഷ്ഠിതമായ ഒരു സമീപനമാണ് ഇവിടെ വരുന്നതെന്ന് കാണാം. കായസിദ്ധിയിലൂടെയുള്ള മനസിദ്ധിയുടെയും ആത്മീയസിദ്ധിയുടെയും സാധ്യതയെക്കുറിച്ചുള്ള സൂചനകൾ 'മണി, മന്ത്രം, മരുന്ന്' എന്ന തത്വത്തിലടങ്ങിയിട്ടുണ്ട്. ഈ 'മ'കാര തത്വങ്ങളുടെ പരസ്പര ബന്ധത്തെ കണ്ടുകൊണ്ട് മാത്രമേ ചിന്താമണിയുടെ അർത്ഥത്തെ മനസ്സിലാക്കനാവുകയുള്ളൂ. വൈദ്യ ചിന്താമണിക്ക് അവലംബമായ വൈദ്യേതരമായ ചിന്താമണിയുടെ സൂചനയാണ് ഇവിടെയുള്ളത്. അങ്ങനെയൊരു വൈദ്യേതരമായ ചിന്താമണിവിദ്യയെ മുകളിൽ പറഞ്ഞ രസവാദ വിദ്യയെന്നനിലയിൽ മനസ്സിലാക്കുന്നത് തികച്ചും യുക്തമായേക്കാം. ലോഹമാറ്റ വിദ്യയെ (ലോഹമൂലക സമ്പുഷ്ടീകരണത്തെ) അവലംബമാക്കിയാണ് ചിന്താമണി വൈദ്യമുള്ളത്. അപ്പോൾ ജീർണ്ണശരീരത്തെ വജ്രകായമെന്ന് പറയാവുന്ന അരോഗാവസ്ഥയിലേക്ക് മാറ്റുന്ന ലോഹ രസമാറ്റത്തിന്റേതായ ഒരു വിദ്യയാണ്‌ ചിന്താമണി വൈദ്യത്തിന്റേത് എന്ന് പറയാം. അങ്ങനെയൊരു ലോഹരസമാറ്റവിദ്യയാണ് ഇവിടെ വൈദ്യേതരമായ ചിന്താമണിവിദ്യയായി വരാവുന്നത്. വജ്രകായത്തെ ലക്ഷ്യമാക്കുന്ന ഒരു ശരീരകേന്ദ്രിത ആത്മീയതയിലൂടെ ജീവരക്ഷയും (ആത്മരക്ഷയും) പ്രാണരക്ഷയും ആരോഗ്യരക്ഷയും സാധ്യമാക്കുന്നതിന്റെ മാർഗ്ഗമാണ് ചിന്താമണിവിദ്യയുടേത് എന്നും ഗണിക്കാം. രസവാദ പരമായ മരുത്വമായ ചിന്താമണി വൈദ്യവും രസവാദ പരമായ ലോഹമാറ്റ വിദ്യായായ വൈദ്യേതര ചിന്താമണിയും തമ്മിലുള്ള വ്യത്യാസം രണ്ടുതരം എന്നതിനേക്കാൾ രണ്ടുതോതുകളുടേതാണെന്നും കാണാം. ഒരു തത്വത്തെ രണ്ട് മാർഗ്ഗങ്ങൾക്കായി സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഭിന്നതയാകാം ഇവിടെ കാണാനാവുന്നത്. വൈദ്യ ചിന്താമണി എന്ന പേരിന്റെ രഹസ്യത്തെക്കുറിച്ചുള്ള ചിന്ത മറ്റുചില ആലോചനകളിലേക്കുള്ള സൂചനകൾകൂടി തരുന്നുന്നുണ്ട്. സിദ്ധവൈദ്യമെന്നപേരിൽ ഇന്ന് പ്രചാരത്തിലുള്ള സമ്പ്രദായം മുമ്പ് മറ്റുപല പേരുകളിലുമാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുന്നുണ്ട്. സിദ്ധവൈദ്യം എന്നത് താരതമ്യേനെ സമീപ ഭൂതകാലത്താണുണ്ടായത്. ചിന്താർമണി മരുത്വം എന്നപേര് അടുത്ത കാലങ്ങൾവരെ ഉണ്ടായിരുന്നു. ആ നിലയിൽ സിദ്ധവൈദ്യമെന്നത്തിന് പകരം ചിന്താമണി വൈദ്യമെന്ന പേരിൽത്തന്നെ ഈ സമ്പ്രദായം അറിയപ്പെട്ടിരുന്നതിന്റെ സൂചനയാണോ വൈദ്യ ചിന്താമണി എന്ന ഈ കൃതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിദ്ധവൈദ്യത്തിന് ആയുർവേദത്തിൽ നിന്നുള്ള വ്യത്യാസത്തെപ്പോലെ സിദ്ധവൈദ്യത്തിന് തന്നെ തനിത്തമിഴ് വൈദ്യ പാരമ്പര്യങ്ങളായ മനോന്മണി മരുത്വത്തിൽനിന്നും ചിന്താർമണി മരുത്വത്തിൽനിന്നുമുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്ന വൈദ്യന്മാരും തമിഴ്‌നാട്ടിലുണ്ട്. ചിന്താർമണി മരുത്വവിദ്യ രാവണമരുത്വത്തിന്റേതാണെന്നാണ് അത്തരക്കാർ പറയുന്നത്. ശിവൻ, മുരുകൻ എന്നിവരിൽനിന്ന് തുടങ്ങി അകത്തിയർ മുതലുള്ള പത്തിനെട്ടുസിദ്ധരുടേതായ പാരമ്പര്യത്തിലും ധാരാളം കലർപ്പുകളും അപഹരണവും ഉണ്ടായിട്ടുണ്ടെന്നാണവർ വാദിക്കുന്നത്. അഖണ്ഡ തമിഴകകാലത്ത് (കടലെടുക്കപ്പെട്ട കുമരിക്കണ്ടത്തിൽ) ഉണ്ടായിരുന്ന ചിന്താർമണി മരുത്വത്തിന്റെ ഭാഗങ്ങൾ തമിഴിലേതിനേക്കാൾ മറ്റുപല ഭാഷകളിലുമായാണ് ഇപ്പോഴുള്ളതെന്ന് അവർ പറയുന്നു. പിൽക്കാലത്ത് ഭാരത ഖണ്ഡമുണ്ടായതിന് ശേഷമാണ് (ഇപ്പോഴത്തെ ഉത്തരേന്ത്യയുടെ ഭാഗമായിരുന്നില്ല കുമരിക്കണ്ടം എന്ന് പറയുന്നുണ്ട്) തനിത്തമിഴ് വിദ്യാപാരമ്പര്യങ്ങളിൽ കലർപ്പുണ്ടായതെന്നുമാണ് വാദം. ഇത് മുഖ്യമായും ഒരു വൈദ്യശാസ്ത്ര സംബന്ധമായ പുസ്തകമാണെങ്കിലും വൈദ്യരംഗത്തെ വിദഗ്ദ്ധരെ മാത്രം മുന്നിൽ കണ്ടുകൊണ്ടല്ല പിളളതാങ്ങി പൊത്തകം ഇതിൻ്റെ പ്രസാധനം ഏറ്റെടുത്തിട്ടുള്ളത്. താല്പര്യമുള്ള പൊതു വായനക്കാർക്കും ഭാഷാ-സാംസ്കാരിക മേഖലകളിലെ ഗവേഷണ പഠിതാക്കൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണുള്ളത്. അതിനാവശ്യമായ അനുബന്ധകുറിപ്പുകൾ ആവശ്യമാണ്. ചിന്താമണിവിദ്യ ഉൾപ്പെടെയുള്ള അനവധിയായ ജനകീയ പാരമ്പര്യവിദ്യകൾക്ക് (ജനവിദ്യകൾക്ക്) വർത്തമാനകാലത്ത് അതിജീവനപരമായ പ്രാധാന്യങ്ങൾ ഏറെയുണ്ട്. അവയുടെ വീണ്ടെടുപ്പിനെ മുൻനിറുത്തിയുള്ള ഒരു സംവാദ വേദിയാണ് പിള്ളതാങ്ങി പൊത്തകം എന്ന പ്രസാധക സംരംഭം. അതിൻ്റെ വിപുലമായ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള ഒരു പ്രത്യേക കുറിപ്പ് ഈ പുസ്തകത്തിലുണ്ട്. അതുപോലെ ഈ പുസ്തകം ഉൾപ്പെടെ തെന്നിന്ത്യയിലെ പാരമ്പര്യ ആരോഗ്യരക്ഷാ വിദ്യകൾ സംബന്ധിച്ച പുസ്തകങ്ങൾ കളരിയാവിരൈ എന്ന പ്രത്യേക പരമ്പരയിൽപ്പെടുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. കളരിയാവിരൈ എന്ന അറിവ് പാരമ്പര്യത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുള്ള ഒരുകുറിപ്പും ഇതിലുണ്ട്. പതിവു രീതിയിൽ തൊഴിലറിവുകളായോ കൈപ്പുസ്തകങ്ങളായോ കരുതിവരുന്ന വിഷയങ്ങളെ വിശാലമായ അറിവു (സാംസ്കാരിക) രാഷ്ട്രീയത്തിൻ്റെ ആശയസംവാദ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത്. ആ നിലയിലുള്ള സംവാദങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ തുടർ പതിപ്പുകൾ തയ്യാറാക്കാൻ ബന്ധപ്പെട്ടവരുടെ പങ്കാളിത്തം ആവശ്യമാണ്. തക്കതായ അഭിപ്രായ നിർദേശങ്ങൾ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു. 9447262817 www.pillathaangi.blogspot.com web.pillathaangi. com

No comments:

Post a Comment