Tuesday, August 27, 2024

96 ശരീരതത്വവിദ്യയുടെ സാധ്യതകൾ

 96 ശരീരതത്വവിദ്യയുടെ സാധ്യതകൾ 


ആമുഖം :


96 ശരീരതത്വവിദ്യയുടെ ആരോഗ്യരക്ഷാ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയുള്ള ഒരു കുറിപ്പ് എഴുതിതുടങ്ങുന്നതിന്റെ ഭാഗമായാണ് ചുവടെ പറയുന്ന ചില പൊതുവായ കാര്യങ്ങൾ പങ്കുവെക്കുന്നത്. വിഷയത്തിൽ വിദഗ്ധരായവരുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. 


96 ശരീരതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിശിഷ്ടമായ ആരോഗ്യരക്ഷാ സംസ്കാരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ പ്രദേശമാണ് തെന്നിന്ത്യ. തെന്നിന്ത്യയുടെ അത്തരമൊരു സാമൂഹിക, സാംസ്‌കാരിക ചരിത്ര വസ്തുതകൾ ഇനിയും സൂക്ഷതയോടെ മനസ്സിലാക്കപ്പെടുകയോ രേഖപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. 


ശരീരതത്വങ്ങൾ എന്നാൽ മനുഷ്യന്റെ ശാരീരിക പ്രവർത്തനങ്ങൾ എന്ന് ലളിതമായി പറയാം. എന്നാൽ ശാരീരിക പ്രവർത്തനങ്ങളെക്കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് വെറും കായിക ശരീരത്തിന്റേത് മാത്രമെന്ന നിലക്കല്ല. 

96 ശരീരതത്വങ്ങളെന്നാൽ മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ആധാരമാകുന്ന വിവിധ ജൈവിക ഘടകങ്ങളും അവചേർന്നുവരുന്ന ജൈവ ഘടനയുമാണ്.  അത്തരം ഘടകങ്ങളുടെ സ്വഭാവം വെച്ചുനോക്കുമ്പോൾ അവയിൽ പലതിനെയും കായിക ശരീരത്തിന്റേത് എന്നനിലയിൽ മാത്രം കാണാൻ സാധിക്കാത്തതാണ്. 96 തത്വങ്ങൾ  മനുഷ്യ ശരീരത്തിന്റെ കാര്യത്തിൽമാത്രം ബാധകമായ കാര്യമാണോ എന്നുമറിയില്ല.  


ആധുനിക ജീവശാത്രവും വൈദ്യശാസ്ത്രവും ശരീരഘടനയും ധർമ്മങ്ങളും എന്ന് വേർപിരിച്ചുകൊണ്ടാണ്  ജൈവിക പ്രക്രിയകളെ സമീപിച്ചുവരുന്നത്. അങ്ങനെയൊരു വിഭജനരീതി 96 തത്വ 

ഘടനയുമായി ബന്ധപ്പെട്ട ആലോചനകളിൽ കാണാറില്ല. ഇവിടെ കായിക ശരീരത്തിന്റേതിന് പുറമേ മാനസിക, ആത്മീയ കാര്യങ്ങൾകൂടി ഉൾപ്പെടുന്നതായി കാണുന്നുണ്ട്. ആ നിലക്ക് മാനസിക ശരീരം, ആത്മീയ ശരീരം എന്നൊക്കെപ്പറയാവുന്ന കാര്യങ്ങളെക്കൂടി അതിൽ വിഭാവനം ചെയ്യപ്പെടുന്നുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. ആധുനിക ജീവശാത്രത്തിലും വൈദ്യശാസ്ത്രത്തിലും അവയുടെ പാരസ്പര്യത്തിന് വല്ല പ്രാധാന്യവും കല്പിച്ചിട്ടുണ്ടോ എന്നറിയില്ല. 


96 തത്വ ഘടനകങ്ങളായി പറയുന്നവയെല്ലാം ചേർന്നുവരുന്നതും പ്രതിപ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ശരീര ഘടനാ സങ്കല്പനമാണ് ഇവിടെ കാണുന്നത്. അതിനെ ആന്തരിക, ബാഹ്യ ശരീരതത്വങ്ങളെന്നനിലയിൽ, അല്ലെങ്കിൽ കായിക, മാനസിക, ആത്മീയ ശരീരതത്വങ്ങളുടെ തലത്തിൽ 

വേർപിരിച്ചോ മാറ്റിനിറുത്തിയോ 

കാണാനാകുന്ന രീതിയിലല്ല അവയെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. 


96 ശരീരതത്വങ്ങളായിപ്പറയുന്ന 

മനുഷ്യന്റെ ശരീരം ഘടകങ്ങളുടെ പ്രവർത്തന സ്വഭാവത്തെ നോക്കുമ്പോൾ, ആരോഗ്യസ്ഥിതിയുണ്ടാക്കുന്നതിനെ മനസ്സിലാക്കുമ്പോൾ, മനുഷ്യ ശരീരം മനുഷ്യവ്യക്തിശരീരമെന്ന നിലയിൽ ഒറ്റപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നതായല്ല കാണാനാകുന്നത്. മറിച്ച്, മനുഷ്യേതരമായ ജീവ, അജീവ ശരീരങ്ങളുമായുള്ള പ്രതിപ്രവർത്തനനങ്ങളെയും ആശ്രയിച്ചുകൊണ്ടുള്ള ഒരു സഞ്ചലിത പാരസ്പര്യബന്ധം അവിടെ കാണുന്നുണ്ട്. 


ഇന്നത്തെ അതി സങ്കീർണ്ണമായ ആരോഗ്യപ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, ആഗോള തലത്തിൽ മേധാവിത്തമുറപ്പിച്ചിട്ടുള്ള മരുന്നാശ്രിത മാത്രമായ വൈദ്യ വ്യസായത്തിന്റെ  ചൂഷണ പശ്ചാത്തലത്തിലാണ് 96 ശരീരതത്വവിദ്യയുടെ ആരോഗ്യരക്ഷാ സാധ്യതകളെക്കുറിച്ച് ആലോചികാനുദ്ദേശിക്കുന്നത്.


pksasidharan4@gmail.com

9447262817


https://www.facebook.com/share/p/azKxRZ6PKocNDnjp/?mibextid=oFDknk

No comments:

Post a Comment