പിള്ളതാങ്ങി കളരിവിദ്യാ
സമ്പ്രദായത്തിലെ രക്ഷാ സങ്കല്പനങ്ങൾ
(Draft)
കായരക്ഷ, ദേഹരക്ഷ, രോഗരക്ഷ, ആരോഗ്യരക്ഷ, ജീവരക്ഷ, ആത്മരക്ഷ, സ്വാതന്ത്ര്യരക്ഷ, മനോരക്ഷ, ശിശുരക്ഷ, ആപൽരക്ഷ, ആക്രമണരക്ഷ, മരണരക്ഷ എന്നിങ്ങനെ പലതരത്തിൽ കാണാവുന്ന രക്ഷാവിദ്യകളും ആശയങ്ങളും ഉൾക്കാഴ്ചകളും പിള്ളതാങ്ങി എന്ന സങ്കല്പനത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ അത് പ്രത്യക്ഷമായനിലയിൽ കാണണമെന്നില്ല.
പാരമ്പര്യത്തിൽ ഉള്ളടങ്ങിയ ഒരു വലിയ ഉൾക്കാഴ്ച എന്നനിലയിൽ മറ്റുപല സ്ഥലങ്ങളിലും പ്രസക്തമായ രക്ഷാസങ്കല്പനമായി വികസിപ്പിക്കാനുള്ള അർത്ഥ തലങ്ങളും അതിലുണ്ട്. അത്രയധികം സാധ്യതയുള്ള ഒരു പാരമ്പര്യ (ജന) വിദ്യയാണ് പിള്ളതാങ്ങി.
ജനവിദ്യാ പാരമ്പര്യങ്ങളെ അനുദിനം ഉന്മൂലനം ചെയ്യുകയും അവയൊക്കെ നിയമപരമായി റദ്ദ്ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്തെ അറിവധികാര പദ്ധതികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് 'പിള്ളതാങ്ങി: അതിജീവനവിദ്യാ സ്വയം പരിശീലനശാല (Pillathaangi: Centre for Self-Learning in Liberative Life-Caring Practices) എന്ന പേരിലൊരു കൂട്ടായ്മ കുറച്ചുകാലമായി പ്രവർത്തിവരുന്നത്. ജനങ്ങളുടെ അറിവ് അവകാശത്തിന്റെ, അറിവ് സ്വാതന്ത്ര്യത്തിന്റെ, അറിവ് സമത്വത്തിന്റെ വീണ്ടെടുപ്പുകളെ മുൻനിറുത്തിയുള്ള വിശാലമായ സാമൂഹിക നീതിയുടെ (സാമൂഹികരക്ഷയുടെ, നീതിരക്ഷയുടെ) പ്രതിരോധ മാർഗ്ഗമായാണ് ജനവിദ്യാ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ജനകീയ പാരമ്പര്യത്തിന്റെ ഉൾക്കാഴ്ചകളും സാങ്കേതികതകളും വർത്തമാനകാലത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ആരോഗ്യപര പ്രതിസന്ധികളെ അതിജീവിക്കാനുതകുന്ന നിലയിൽ പുനർ നിർവ്വചിക്കാനും പുന:സൃഷ്ടിക്കാനുമാണ് പിള്ളതാങ്ങി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അത്തരം പാരമ്പര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാണ് ചൂഷണാത്മകമായ വികസന പദ്ധതികൾ സമൂഹത്തിലേക്ക് അടിപ്പിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്തരം അറിവധികാര ശക്തികൾക്ക് കയ്യാളുകളായാണ് പല പാരമ്പര്യവിദ്യാ കൈകർത്താക്കളും പ്രസ്ഥാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു പൊരുത്തക്കേടുകളെ (വൈരുദ്ധ്യാത്മകതയെ, പ്രഹസനത്തെ) തിരിച്ചറിയാനും മറികടക്കാനും സാധിക്കേണ്ടതുണ്ട്.
അതിനെ മുൻനിറുത്തി പിള്ളതാങ്ങി കളരിവിദ്യാ സമ്പ്രദായവുമായി ബന്ധപ്പെട്ട രക്ഷാ സങ്കല്പനങ്ങളെക്കുറിച്ച് ഒരു പൊതു ചർച്ച തുടങ്ങിവെക്കുകയാണ്. കളരിവിദ്യയിലെ "പിള്ളതാങ്ങി" എന്ന ആശയത്തെയും പ്രായോഗിക സങ്കേതങ്ങളെയും കുറിച്ച് അറിയാവുന്നവർ അവ പങ്കുവെച്ചുകൊണ്ട് ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
വിശദവിവരങ്ങൾക്ക് :
9447262817
www.pillathaangi.blogspot.com
www.pillathaangi.com
No comments:
Post a Comment