Saturday, November 5, 2022

ജനവിദ്യാ കൂട്ടായ്മ

 ജനവിദ്യാ കൂട്ടായ്മയിലേക്ക്

(Draft)


2022 ഒക്ടോബർ 16 ന് തൃശൂരിൽവെച്ച് 8 എട്ട് വ്യത്യസ്ത സംഘടനാ പ്രതിനിധികളും ഏതാനും സ്വതന്ത്ര വ്യക്തികളും ഒത്തുകൂടി ജനവിദ്യയെ മുൻനിറുത്തിയുള്ള ആശയ വിനിമയ പ്രവർത്തനങ്ങളുമായി ഒരുമിച്ച് പോകാൻ ധാരണയായിരിക്കുന്നു. കാഴ്ചപ്പാടുകളിലും പ്രവർത്തന രീതികളിലും ഭിന്നതകളേറെയുണ്ടെങ്കിലും  "ആരോഗ്യവും ജനവിദ്യയും" എന്ന വിഷയത്തിലൂന്നിക്കൊണ്ട് ഒരു തുടർ സംവാദ പരിപാടിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂട്ടായി നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും യോജിച്ചു. ആരോഗ്യ ജനവിദ്യയുടെ പ്രാധാന്യം, സാദ്ധ്യതകൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച വ്യക്തത നേടുന്നതിനുള്ള ആശയ വിനിമയ പരിപാടികളാണ് ആദ്യഘട്ടത്തിൽ  വേണ്ടതെന്നും.


കൃഷിയുടെയും വൈദ്യത്തിന്റെയും മേഖലകളിലാണ് ഇന്ന് ജനങ്ങൾ ഏറെ പൊറുതിമുട്ടിക്കഴിയുന്നത്. അതുകൊണ്ടാണ് ആരോഗ്യവിദ്യയുടെ ജനപക്ഷ സ്വഭാവത്തെക്കുറിച്ചുള്ള ആലോചനകൾക്ക്‌ അടിയന്തിര പ്രാധാന്യമുള്ളത്. വസ്ത്രം, കെട്ടിടം, കല എന്നിവയെല്ലാം ആരോഗ്യവുമായി വളരെ ബന്ധപ്പെട്ടതാണെങ്കിലും

കൃഷിയും വൈദ്യവും പരിസ്ഥിതിയും നിലനിൽപ്പിന്റെ പ്രത്യക്ഷ ഘടകങ്ങളാണ്. അതിനാൽ ആരോഗ്യത്തിന്റെ  ജനവിദ്യയെന്നത് അതിജീവന വിദ്യായെന്ന നിലയിൽത്തന്നെ കാണേണ്ടിവരും.


അടിസ്ഥാനതല ഉദ്പാദന പ്രക്രിയകളിലുള്ള ജനപങ്കാളിത്തത്തെയും അവരുടെ അറിവ് പാരമ്പര്യങ്ങളെയും തുടച്ചുമാറ്റിക്കൊണ്ട് അടിച്ചേൽപ്പിക്കപ്പെടുന്നതാണ്  ശാസ്ത്രം സാങ്കേതികാധിഷ്ഠിതമായ വികസന പദ്ധതികൾ. അതിന്റെ പ്രത്യക്ഷ ഇരകളായിത്തീരുന്നത് 

പരമ്പരാഗത ഉദ്പാദന മേഖലയിലുള്ളവരാണ്. അത്തരം ഉദ്പാദനവിദ്യകളെ തന്നെയാണ്  ജനവിദ്യകളായി കാണാവുന്നത്. 

അതുകൊണ്ട്, ജനവിദ്യ  ഉപജീവനമായി  സ്വീകരിച്ചുവരുന്നവർക്ക് സഹായകമാകുന്ന സംവാദങ്ങളും പ്രവർത്തനങ്ങളും 

വികസിപ്പിക്കേണ്ടി വരുന്നത്.


സമൂഹത്തിന്റെ പൊതുവായ നിലനിൽപ് തന്നെ അപകടത്തിലാക്കിക്കൊണ്ടുള്ള വികസന വിദ്യാഭ്യാസ പദ്ധതികളൾ അറിവ് വ്യവസായങ്ങൾ എന്നരീതിയിൽ അനുദിനം പുഷ്ഠിപ്പെടുകയാണ്. വികസനവിദ്യയുടെ പേരിലുള്ള അറിവിന്റെ കുത്തകകളുടെയും    അധികാര വ്യവസ്ഥകളുടെയും  പ്രവർത്തനങ്ങളും  തീവ്രമായികൊണ്ടിരിക്കുമ്പോൾ ജനവിദ്യകൾക്കുവേണ്ടി കാര്യക്ഷമമായ

നിലപാടുകളും പ്രതിരോധങ്ങളും ആവശ്യമായിവരുന്നുണ്ട്.  ഇങ്ങനെയൊരവസ്ഥയിൽ 

നിലവിൽ ജനവിദ്യകൾക്കനുകൂലമായി നടന്നുവരുന്ന പ്രവർത്തനങ്ങൾ

വേണ്ടത്ര ഫലപ്രദമാകുന്നുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്.


അറിവുകളുടെമേലുള്ള കുത്തക നിയന്ത്രണത്തോടെയാണ് 

വർത്തമനകാലത്ത്‌ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന അറിവാധിഷ്ഠിത സമ്പദ് വ്യവസ്ഥകൾ രൂപപ്പെട്ടിട്ടുള്ളത്. അറിവിന്റെയും  വിമോചനത്തിന്റെയും പൊയ്യ്മുഖവുമായി അവതരിച്ചുകൊണ്ടിരിക്കുന്ന അറിവ് കൊള്ളയുടെയും അറിവിലൂടെയുള്ള കൊള്ളയുടേതുമായ വളരെ സങ്കീർണ്ണമായ പ്രതിസന്ധികളാണ് 

ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരം പ്രതിസന്ധികളെ  തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ  അടിയന്തിരമായി വേണ്ടി വരുന്നത്?


ജനവിദ്യകളുടെ സംരക്ഷണത്തിനായുള്ള വിവരശേഖരണങ്ങളും പ്രവർത്തനങ്ങൾ പലതും ഇന്ന് വ്യാപകമായി നടന്നുവരുന്നുണ്ട്. അന്തർദേശീയ, ദേശീയ പ്രസ്ഥാനങ്ങളുടെയും സർക്കാരിന്റെയും ഒത്താശകളോടെയുള്ള അത്തരം പ്രവർത്തനങ്ങളെ  ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പുതിയ ചൂഷണരീതികൾ ശക്തിപ്പെട്ടുവരുന്നത്.


പ്രാദേശികമായ പ്രാകൃതിക-സാംസ്‌കാരിക  സവിശേഷതകൾക്കനുസരിച്ച് രൂപപ്പെട്ടുവരുന്ന ഉദ്പാദന വിദ്യകൾക്കുപകരം അഗോളതല കമ്പോള മാത്സര്യങ്ങൾക്കൊത്തുള്ള ശാസ്ത്രവിദ്യകൾ ജനവിദ്യകളെയും ജനാരോഗ്യത്തെയും സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്  ഉദ്പാദക 

ജനതയുടെ അറിവവകാശത്തിന്റെ ആരോഗ്യ പ്രാധാന്യത്തെ തിരിച്ചറിയേണ്ടതുള്ളത്.


ദേശാന്തര വ്യവസായ താല്പര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കപ്പെട്ട നിലവിലുള്ള ജനവിദ്യാ പഠന പ്രവർത്തനങ്ങളുടെ കെണികളിൽ നിന്ന് മുക്തമാകാനുള്ള സാദ്ധ്യതകളാണ് ഇവിടെ അന്വേഷിക്കേണ്ടിവരുന്നത്.


സദുദ്ദേശപരമായി നടന്നുവരുന്ന പല ജനവിദ്യാനുകൂല നയപരിപാടികളുടെയും  

പ്രവർത്തനങ്ങളുടെയും യഥാർത്ഥ  ഗുണഭോക്താക്കൾ ഇടനിലക്കാരാണെന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ. ഇതിനെ എങ്ങിനെയെങ്കിലും പ്രതിരോധിക്കാനാവുമോ?

ജനവിദ്യകളുടെ യഥാർത്ഥ കൈകർത്താക്കളായവരുടെ പങ്കാളിത്തത്തോടുകൂടിയുള്ള, അവരുടെതന്നെ തീരുമാനത്തിലും  മുൻകൈയിലുമുള്ള പ്രവർത്തനങ്ങൾ എത്രത്തോളം സാദ്ധ്യമാക്കാനാകും?


 ജനവിദ്യയുടെ പലവഴികളിൽ

(നാട്ടറിവ്, സമൂഹവിദ്യ, പാരമ്പര്യവിദ്യ, നാടൻകല, പൈതൃക സംസ്കാരം, ജനസംസ്കാരം, പ്രാദേശിക ചരിത്രം, പ്രകൃതി കൃഷി, നാടൻ സാങ്കേതികവിദ്യ,  സ്വദേശി ശാസ്ത്രം, ജനകീയ ശാസ്ത്രം, പരിസ്ഥിതി, കരകൗശലം, ആദിവാസി, ബദൽ വിദ്യാഭ്യാസം, ബദൽ വികസനം.....) പ്രവർത്തിക്കുന്നവർക്ക് പൊതുതാല്പര്യ വിഷയത്തിൽ കൂട്ടായി നിന്നുകൊണ്ട് ബന്ധപ്പെട്ട ജനവിഭാ ഭാഗങ്ങൾക്ക് പ്രത്യക്ഷത്തിൽത്തന്നെ  ഗുണകരമാകുന്ന എന്തെങ്കിലും 

ചെയ്യാനാകേണ്ടതുണ്ട്. അതിനുവേണ്ടി അവരുടെ വിദ്യകളെക്കുറിച്ച് വികസന വ്യവസായ  വിദ്യകളുടെ നോട്ടത്തിനൊത്ത് ഉണ്ടാക്കപ്പെട്ടിട്ടുള്ള ധാരണകൾ പലതും പൊളിച്ചു പണിയേണ്ടിവരും. 


ഗ്രാമ സ്വരാജ്, കർഷക സ്വരാജ്, പഞ്ചായത്ത്‌ രാജ്, സ്വാശ്രയ ഗ്രാമം, ജനകീയാസൂത്രണം, ജനകീയ ജനാധിപത്യം, ദേശീയ ജനാധിപത്യം, സ്വദേശി ശാസ്ത്രം, ദേശീയ വിദ്യാഭ്യാസം, ജനകീയ വിദ്യാഭ്യാസം എന്നിങ്ങനെ  യുള്ള ആദർശങ്ങളുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ അടിസ്ഥാന ജനതകളുടെ സാംസ്‌കാരിക സവിശേഷതകളിലൂന്നിയ സാമൂഹിക വികസനത്തിന്റെ

ആവശ്യകത വളരെയധികം  ഉന്നയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജനവിദ്യകളുടെ പ്രാധാന്യത്തെക്കുറിച്ചും നേരിട്ടോ പരോക്ഷമായോ പറഞ്ഞിട്ടുമുണ്ട്.


എന്നാൽ, അടിസ്ഥാനതല ഉത്പാദന മേഖലയിലെ ജനതകൾക്ക് അവരുടേതായ  അറിവവകാശത്തെ സാമൂഹികനീതിയുടെ ഉപാധിയായികണ്ടുള്ള പ്രവർത്തനങ്ങൾ ഇതുവരെ കാര്യമായിട്ടുണ്ടായിട്ടില്ല. പകരം ബാഹ്യവും വിദൂരവുമായ അധികാരകേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന അറിവുകൾക്കും സാമൂഹിക സാമ്പത്തിക വികസന പദ്ധതികൾക്കും കീഴ്പ്പെടുത്തിക്കൊണ്ടുള്ള സമീപനങ്ങളാണ്പൊതുവിൽ ഉണ്ടാകുന്നത്. അതുവഴി  ജനവിദ്യകളും ബന്ധപ്പെട്ട അറിവ് ജീവിതങ്ങളും പലതരം അറിവാധിപത്യങ്ങളാൽ നിയന്ത്രിക്കപ്പെടുകയാണ്.  അത്തരം അറിവാധിപത്യങ്ങളുടെ ഭാഗമായുള്ള ധാരാളം ജനവിദ്യാ പ്രോത്സാഹന പദ്ധതികളും പ്രവർത്തനങ്ങളും ഇപ്പോൾ ഏറെ പ്രചാരത്തിലുണ്ട്. അവയെല്ലാം പ്രത്യക്ഷത്തിൽ ജനവിദ്യക്കനുകൂലമായതായി കാണാമെങ്കിലും വിദൂരകാലത്തിൽ

ജനവിദ്യയുടെ സ്വതന്ത്രമായ നിലനിൽപ്പും വളർച്ചയും ഇല്ലാതാകുന്നതാണ്.


ജനവിദ്യാ കൈകർത്താക്കളുടെ ഉപജീവനപ്രശ്നങ്ങൾക്കും അവരുടെ അറിവുകളുടെ ഗുണകരമായ വളർച്ചക്കും വേണ്ട പരിഹാരമാർഗ്ഗങ്ങളല്ല ഇപ്പോഴുണ്ടാകുന്നത്. മറിച്ച് അവരുടെ അറിവും ജീവിതവും ബാഹ്യമായ താല്പര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയാണ്. 


രക്ഷാകർതൃത്വ, രക്ഷകത്വ ഭാവത്തോടെയുള്ള സമീപങ്ങളും പദ്ധതികളും അറിവ് ജീവിതക്കാരുടെ സ്വതന്ത്ര്യമായ കർതൃത്വശേഷിയെ അംഗീകരിച്ചുകൊണ്ടുള്ളതല്ല. പല തട്ടുകളിലുള്ള ഇടനിലക്കാരുടെ ചൂഷണങ്ങൾക്ക് അവർ നിരന്തരം വിധേയരാവുകയാണ്.


ജനവിദ്യകൾ ഇപ്പോഴും ഉപജീവനമായി സ്വീകരിച്ചുവരുന്ന വിവിധ ജനവിഭാഗങ്ങളുടെ  ജീവിത പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അവരുടെ മുൻകൈയിലും പങ്കാളിത്തത്തിലുമുള്ള കൂട്ടായ പ്രവർത്തനങ്ങളും അന്വേഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ, ജനജീവിതത്തിൽ നിന്നകന്നുകൊണ്ടുള്ള

ഒറ്റപ്പെട്ട വൈജ്ഞാനിക കേന്ദ്രങ്ങളിൽ ഒതുങ്ങിയുള്ള പതിവ് ജനവിദ്യാ പഠന പ്രവർത്തനങ്ങൾ മതിയാവില്ല. അറിവിന്റെ അറിവുകൾ, അറിവ് ശാസ്ത്രങ്ങൾ, അറിവിന്റെ രാഷ്ട്രീയം എന്നിവ സംബന്ധിച്ച 

വൈജ്ഞാനിക, സൈദ്ധാന്തിക പഠനങ്ങളുടെയും തർക്കങ്ങളുടെയും ജനവിദ്യാ വിരുദ്ധതകൂടി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.


ജനവിദ്യാ കൈകർത്താക്കളോ അവർക്കിടയിൽ പ്രവർത്തിക്കുന്നവരോ ഇതിന്റെ അപകടങ്ങൾ വേണ്ടരീതിയിൽ തിരിച്ചറിയുന്നുണ്ടോ? ഉണ്ടെങ്കിൽത്തന്നെ അതിനെ മറികടക്കേണ്ടതിനെക്കുറിച്ചുള്ള ബോധ്യങ്ങളുണ്ടോ?


ജനവിദ്യയുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുന്നവർക്കിടയിൽ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ സംവാദങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് വ്യത്യസ്ത സമീപനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ  വിശാലമായൊരു ജനവിദ്യാ പ്രസ്ഥാനങ്ങളുടെ സഖ്യമുണ്ടാകണമെന്ന ആഗ്രഹമുയരുന്നത്. ജനവിദ്യാ കൈകർത്താക്കളുടെയും ജനവിദ്യാ പ്രവർത്തകരുടെയും യോജിച്ചു പ്രവർത്തിക്കുമ്പോൾതന്നെ നിലപാടുകളുടെയും തീരുമാനങ്ങളുടെയും കാര്യത്തിൽ കൈകർത്താക്കളുടെ താല്പര്യങ്ങൾക്ക്‌ പ്രാമുഖ്യമുണ്ടാകുന്ന ഒരു രീതി വേണ്ടിവരും.


ഇങ്ങനെയുള്ള കുറേ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് യോഗത്തിൽ ഉന്നയിക്കപ്പെട്ടത്. അവസംബന്ധിച്ച വിശദമായ ആശയവിനിമയ പ്രവർത്തങ്ങൾക്കുള്ള ഒരു കൂട്ടായ്മയാണ് വേണ്ടതെന്നകാര്യം എല്ലാവർക്കും ബോധ്യമായി. അതിനുവേണ്ട തുടർ സംവാദ പരിപാടികൾ നടത്തണമെന്നും ധാരണയായി.


..........

പൊതുവായുള്ള അതിജീവന പ്രതിസന്ധികളാണ് ജനവിദ്യയെക്കുറിച്ചുള്ള ചിന്തകളിലേക്ക് പോകാൻ നമ്മെ നിർബന്ധിക്കുന്ന ഒരു സാഹചര്യം. ആരോഗ്യ പ്രതിസന്ധികൾ അടിയന്തിര വിഷയമായി വരുന്ന ഒരു സവിശേഷമായ ലോകസാഹചര്യവുമുണ്ട്. ആരോഗ്യ ജനവിദ്യയുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങളെ മുൻനിറുത്തിയുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രാധാന്യമുള്ളത് അതുകൊണ്ടാണ്.


ഇവിടെ അതിജീവനത്തിന്റെ അറിവുകളും അതുപോലെ അറിവിന്റെ അതിജീവനവും പ്രധാനമാകുന്നുണ്ട്. ജനവിദ്യയുടെ അതിജീവനമൂല്യം വളരെ ഏറെയാണെന്നാണ് തിരിച്ചറിയുമ്പോൾ അവയുടെ നിലനിൽപ്പിനെയും ഭാവി സാദ്ധ്യതകളെയുംകുറിച്ച് ചിന്തിക്കേണ്ടി വരുന്നുണ്ട്. ഇതൊക്കെ അപ്രസക്തമാക്കുന്നതാണ് ഇന്നത്തെ മുഖ്യധാര കേന്ദ്രീകൃത വികസന, സാമൂഹികനീതി വിചാരങ്ങളെല്ലാം.  സ്വാതന്ത്ര്യസമര പ്രസ്ഥാന കാലത്തുണ്ടായ 

അറിവിന്റെ സ്വരാജ് ചിന്തകളെല്ലാം എവിടെയും എത്താതെപോയതിന്റെ ചരിത്രംകൂടി പരിശോധിക്കേണ്ടതുണ്ട്.


.......

ജനവിദ്യാ പ്രവർത്തനങ്ങളെക്കുറിച്ചാലോചിക്കാനായി ഒരു ഒത്തുചേരൽ പരിപാടി (ശില്പശാല) നടത്താൻ പോകുന്ന നമുക്കേവർക്കും 

 നല്ല വ്യക്തതയുണ്ടാക്കാൻ ശ്രമിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്ന് തോനുന്നു.

അതിന് സഹായകമാകാവുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയാകാം....


* സംഘടനകളുടെ സംഘടനയോ പുതിയ സംഘടനയോ അല്ലാതെ കൂട്ടായി പ്രവർത്തിക്കാനാകുമോ?


* വ്യത്യസ്ത പശ്ചാത്തലവും കാഴ്ചപ്പാടുകളും ഉണ്ടാകുമ്പോൾത്തന്നെ എന്തൊക്കെ കാര്യങ്ങളിലാകും നമുക്ക് ഒരുമിച്ചുപ്രവർത്തിക്കാവുന്നത്?


* എന്തിനെയെങ്കിലും എതിർക്കുന്നതിന് വേണ്ടിയാകുമോ? എങ്കിൽ എന്തൊക്കെ?


* എന്തിനെയെങ്കിലും അനുകൂലിക്കാൻ വേണ്ടിയാകുമോ? എങ്കിൽ എന്തൊക്കെ? 


* വ്യത്യസ്ത അഭിപ്രായങ്ങളെ ബോധപൂർവം അമർച്ച ചെയ്യേണ്ടതുണ്ടോ?


 * പ്രകടിപ്പിക്കേണ്ടിരുന്ന സന്ദർഭത്തെ എങ്ങിനെയാകും നമുക്ക് ആഭിമുഖീകരിക്കാനാവുക?


* അറിവധികാരം, അറിവവകാശം, അറിവ് രാഷ്ട്രീയം, അറിവ് സമ്പദ്ഘടന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആശയവിനിമയം വികസിപ്പിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഒരുമിച്ച് നടത്താനാകുമോ?


* ജനവിദ്യ ഏതെങ്കിലും ആശയരൂപത്തിലായിട്ടല്ല നിലനിൽക്കുന്നത്. അതത് സാമൂഹിക, സാംസ്‌കാരിക ജീവിതരീതികളയാണുള്ളത്. അറിവ് ജീവിതങ്ങൾ (ഉപജീവന മാർഗ്ഗങ്ങൾ) എന്നുപറയാം. അങ്ങനെയുള്ള അറിവ് ജീവിതങ്ങളെ മനസ്സിലാക്കാനും അവയുടെ നിലനില്പിന് സഹായകമാവുന്ന പ്രായോഗിക പ്രവർത്തനങ്ങൾ വല്ലതും നടത്താനാകുമോ?


* അറിവ് ജീവിതക്കാരായ ജനവിദ്യാ പ്രയോക്താക്കളുടെ പങ്കാളിത്തത്തോടെ ജനവിദ്യയെക്കുറിച്ചുള്ള ആശയവിനിമയങ്ങൾ ഉണ്ടാക്കാനാകുമോ?


*..........?

*...........?

*...........?


# 9447262817

No comments:

Post a Comment